Wednesday, April 25, 2012

എസ്.ബി.ടി. ഒരു വര്‍ഷത്തിനുള്ളില്‍ നൂറ് പുതിയ ശാഖകള്‍ തുടങ്ങും


സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ ഒരു വര്‍ഷത്തിനുള്ളില്‍ നൂറ് ശാഖകള്‍കൂടി തുടങ്ങുമെന്ന് മാനേജിങ് ഡയറക്ടര്‍ പി.നന്ദകുമാരന്‍ അറിയിച്ചു. കേരളത്തിലുടനീളവും മറ്റു മെട്രോ സിറ്റികളിലുമാണ് പുതിയ ശാഖകള്‍ തുടങ്ങുക. 2011-12 സാമ്പത്തികവര്‍ഷം ബാങ്ക് 24 ശതമാനം ബിസിനസ് വളര്‍ച്ചയാണ് ലക്ഷ്യമിട്ടതെങ്കിലും 28 ശതമാനം നേടാനായി. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ പത്ത് പ്രധാന ബാങ്കുകളിലൊന്നായി മാറുകയാണ് ലക്ഷ്യം -അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ സാമ്പത്തികവര്‍ഷം 87 പുതിയ ശാഖകള്‍ തുടങ്ങി. ഇതില്‍ കൂടുതലും ഉത്തര കേരളത്തിലാണ്. കാസര്‍കോട്ട് പത്തും കണ്ണൂരില്‍ ഒമ്പതും ശാഖകള്‍ തുടങ്ങി. കണ്ണൂരില്‍ തുടങ്ങിയ ഒമ്പത് ശാഖകള്‍ 90 കോടി രൂപയുടെ പുതിയ ബിസിനസ് ശേഖരിച്ചത് നേട്ടമായി. കണ്ണൂര്‍ മേഖലയില്‍ ആകെ 360 കോടിയുടെ ബിസിനസ് വര്‍ധന ഉണ്ടായി. ഇത് പുതിയ റെക്കോഡാണ്. ഈ സാമ്പത്തികവര്‍ഷം കണ്ണൂരില്‍ 20 ശാഖകളും കാസര്‍കോട്ട് അഞ്ച് ശാഖകളുംകൂടി തുറക്കും. സാമ്പത്തിക ഉള്‍പ്പെടുത്തലിന്റെ ഭാഗമായി കണ്ണൂരിലെ മയ്യിലില്‍ ഉള്‍പ്പെടെ 29 ഗ്രാമങ്ങളില്‍ എസ്.ബി.ടി. ശാഖകള്‍ തുടങ്ങി.

തിരുവനന്തപുരത്ത് ആരംഭിച്ച ഗ്രീന്‍ ചാനല്‍ കൗണ്ടര്‍ എല്ലാ ജില്ലകളിലെയും മെയിന്‍ ശാഖകളില്‍ ഉടന്‍ തുടങ്ങും. സ്വര്‍ണപ്പണയ വായ്പയ്ക്കും സ്വര്‍ണനാണയങ്ങളുടെ വിപണനത്തിനും മാത്രമായി തുടങ്ങിയ ഗോള്‍ഡ് പോയിന്‍റ് ശാഖകള്‍ വന്‍ വിജയമായതിനാല്‍ കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കും.

കണ്ണൂര്‍ വിമാനത്താവളം, അഴീക്കല്‍ തുറമുഖം തുടങ്ങി കണ്ണൂര്‍ ജില്ലയിലെ പ്രധാന അടിസ്ഥാന സൗകര്യ വികസന പദ്ധതികളിലും എസ്.ബി.ടി. സഹകരിക്കും. ഈ പദ്ധതികള്‍ക്കായി രൂപവത്കരിക്കുന്ന എസ്.പി.വി.(സ്‌പെഷല്‍ പര്‍പ്പസ് വെഹിക്കിള്‍)കള്‍ക്ക് വായ്പ ലഭ്യമാക്കുന്നതിന് പുറമെ ആവശ്യമെങ്കില്‍ മൂലധന നിക്ഷേപവും നടത്തും. അഴീക്കലില്‍ പുതിയ ശാഖ ഉടന്‍ തുടങ്ങും. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലായി ഏഴിടങ്ങളില്‍ ബാങ്ക് ട്രഷറി ഇടപാട് നടത്തുന്നുണ്ട്. ചക്കരക്കല്ലില്‍ ട്രഷറി ഇടപാട് ഉടന്‍ ആരംഭിക്കും.

കേരളത്തിലെ എന്‍.ആര്‍.ഐ. നിക്ഷേപത്തിന്റെ 30 ശതമാനത്തിലധികം എസ്.ബി.ടി.യിലാണ്. ബാങ്കിന്റെ ആറാമത് എന്‍.ആര്‍.ഐ. ശാഖ മലപ്പുറത്ത് ഉടന്‍ തുടങ്ങും. ദുബായില്‍ ബാങ്കിന്റെ റെപ്രസന്‍േററ്റീവ് ഓഫീസ് പ്രവര്‍ത്തനം തുടങ്ങി. 34 മണി എക്‌സ്‌ചേഞ്ച് കമ്പനികളുമായി എസ്.ബി.ടി.ക്ക് ധാരണയുണ്ട്. ഒമാനിലെ ഗ്ലോബല്‍ മണി എക്‌സ്‌ചേഞ്ച്, യു.എ.ഇ.യിലെ സിറ്റി എക്‌സ്‌ചേഞ്ച് എന്നീ എക്‌സ്‌ചേഞ്ച് കമ്പനികളുടെ മാനേജ്‌മെന്‍റ് നടത്തുന്നതും എസ്.ബി.ടി.യാണ് -നന്ദകുമാരന്‍ പറഞ്ഞു. ബാങ്ക് കോഴിക്കോട് സോണല്‍ മാനേജര്‍ ടി.കേശവ്കുമാര്‍, കണ്ണൂര്‍ എ.ജി.എം. എന്‍.വൈദ്യനാഥ് എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

No comments:

Post a Comment