Monday, May 28, 2012

സാമൂഹിക സേവന മേഖലയില്‍ എസ്.ബി.ടി 91 കോടി ചെലവഴിച്ചു


കഴിഞ്ഞ സാമ്പത്തിക വര്‍ഷം സാമൂഹിക സേവനരംഗത്തു വിനിയോഗിക്കേണ്ട മുഴുവന്‍ തുകയും സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ ചെലവഴിച്ച് റെക്കോര്‍ഡ് നേടിയതായി പ്രതീപ് ചൗധരി പറഞ്ഞു. ലാഭത്തിന്റെ ഒരു ശതമാനം തുകയാണ് സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിക്കുന്നത്. 

9100 കോടി രൂപയായിരുന്നു കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ ലാഭം. ഇതിന്റെ ഒരു ശതമാനമായ 91 കോടി രൂപയും വിനിയോഗിച്ചു.

പൊതുമേഖലാ ബാങ്കുകള്‍ - ജര്‍മനിയില്‍ നിന്ന് പഠിക്കേണ്ട പാഠങ്ങള്‍


രണ്ടാം ലോക മഹായുദ്ധത്തില്‍ തകര്‍ന്ന് തരിപ്പണമായ ജര്‍മന്‍ സമ്പദ്ഘടനയെ പോഷിപ്പിക്കാന്‍ പൊതുമേഖലാ ബാങ്കുകള്‍ നിര്‍ണായക പങ്കു വഹിച്ചു. കഴിഞ്ഞ പതിറ്റാണ്ടില്‍ പരിമിതമായി സ്വകാര്യവല്‍കരണത്തിന് വിധേയമാകുമ്പോഴും പൊതുമേഖലയുടെ പ്രസക്തി ഉയര്‍ത്തി പിടിക്കുന്നതില്‍ ജര്‍മ്മന്‍ പൊതുമേഖലാബാങ്കുകള്‍ ക്രിയാത്മകമായി ഇടപെട്ടു. അമേരിക്കയിലെ വാള്‍സ്ട്രീറ്റ് യുദ്ധക്കളമായി മാറിയ സാഹചര്യത്തില്‍ പൊതുമേഖലാ ബാങ്കുകളുടെ പ്രസക്തി വളരെ വലുതാണ്. ബാങ്കുകള്‍ പൊതുഉടമയില്‍ ആയിരിക്കണം എന്നും സമൂഹത്തിന്റെ സമഗ്രപുരോഗതി ഉറപ്പുവരുത്താന്‍ സ്വകാര്യ മേഖലക്ക് സാധിക്കില്ല എന്നതും അനുഭവം.


2010 മെയ് മാസത്തിലെ The Economist മാസികയില്‍ ഇന്ത്യ, ചൈന, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങളിലെ പൊതുമേഖലാ ബാങ്കിംഗ് സംവിധാനം വിശദമായി വിലയിരുത്തുന്നുണ്ട്. ആ രാജ്യങ്ങളിലൊന്നും ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ ഭാഗമായി ബാങ്കുകള്‍ ഒന്നും തകര്‍ന്നില്ല. അമേരിക്കയില്‍ പൊതുമേഖലാബാങ്ക് നോര്‍ത്ത് ഡക്കോട്ടയില്‍ മാത്രമാണുള്ളത്. അമേരിക്കയിലെ മറ്റ് പ്രദേശങ്ങളെ അപേക്ഷിച്ച് നോര്‍ത്ത് ഡക്കോട്ടയില്‍ തൊഴിലില്ലായ്മാനിരക്ക് തീരെ കുറവാണ്. മാത്രമല്ല വര്‍ഷങ്ങളായി മിച്ചബജറ്റാണ് നോര്‍ത്ത് ഡക്കോട്ടയില്‍. ഈ വിജയത്തിന് പിന്നില്‍ പൊതുമേഖലാബാങ്ക് തന്നെയാണ്.

യൂറോപ്പില്‍ ശക്തമായ പൊതുമേഖലാ ബാങ്കിംഗ് സംവിധാനം നിലവില്‍ ഉണ്ടായിരുന്നു, പ്രത്യേകിച്ച് ജര്‍മ്മനിയില്‍. പൊതുഉടമയില്‍ 11 പ്രാദേശിക ബാങ്കുകളും (Regional Public Banks) ആയിരക്കണക്കിന് സേവിംഗ്സ് ബാങ്കുകളും ജര്‍മനിയില്‍ പ്രവര്‍ത്തിക്കുന്നു. യൂറോസോണില്‍പെട്ട രാജ്യങ്ങളില്‍ സാമ്പത്തികസ്ഥിതി മെച്ചം ജര്‍മ്മനിയില്‍ തന്നെയാണ്. ഉല്പാദനമേഖല ജി.ഡി.പി.യുടെ 25 ശതമാനം. ബ്രിട്ടണില്‍ ഉല്പാദനമേഖലയുടെ പങ്ക് ഇതില്‍ പകുതിയാണ്. സാമ്പത്തിക പ്രതിസന്ധി സാര്‍വദേശീയമായി വ്യാപിക്കുമ്പോള്‍ ജര്‍മനിയിലെ തൊഴിലില്ലായ്മ 6.8 ശതമാനം. കഴിഞ്ഞ 20 വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്.

1999ല്‍ ജര്‍മനിയിലെ ബാങ്കിംഗ് മേഖലയില്‍ 20 ശതമാനം സ്വകാര്യബാങ്കുകള്‍ ആയിരുന്നു. ഫ്രാന്‍സ്, സ്പെയിന്‍ തുടങ്ങിയ രാജ്യങ്ങളില്‍ സ്വകാര്യബാങ്കുകളുടെ സ്വാധീനം 40 ശതമാനം. രണ്ടാം ലോകമഹായുദ്ധത്തിലെ തകര്‍ച്ചകള്‍ക്കു ശേഷം ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയില്‍ യൂറോപ്പിലെ സാമ്പത്തിക ശക്തിയായി മാറാന്‍ ജര്‍മനിക്ക് കഴിഞ്ഞു. 1947 ല്‍ ജര്‍മനിയിലെ വ്യാവസായിക ഉല്പാദനം 1938 ലെ ഉല്പാദനത്തിന്റെ മൂന്നിലൊന്നായി കുറഞ്ഞു. 2003ല്‍ എത്തുമ്പോള്‍ ഒരു പ്രധാനകയറ്റുമതി രാജ്യമായി മാറാന്‍ ജര്‍മനിക്ക് സാധിച്ചു. ഉന്നതനിലവാരം പുലര്‍ത്തുന്ന ഓട്ടോമൊബൈല്‍സ്, യന്ത്രഉപകരണങ്ങള്‍, ഇലക്ട്രിക്കല്‍ ഉപകരണങ്ങള്‍, കെമിക്കല്‍സ് തുടങ്ങിയ ഉല്പന്നങ്ങള്‍ കയറ്റുമതി ചെയ്യാന്‍ തുടങ്ങി. 2010 ല്‍ ആഗോളസാമ്പത്തിക പ്രതിസന്ധിയില്‍ ലോകരാജ്യങ്ങള്‍ എരിപിരി കൊള്ളുമ്പോള്‍ ജര്‍മനി 3.6 ശതമാനം സാമ്പത്തിക വളര്‍ച്ച നേടി.

സാമ്പത്തികരംഗത്തിന്റെ വളര്‍ച്ച സൂക്ഷ്മമായി പരിശോധിച്ചാല്‍ ശക്തമായ പൊതുമേഖലാ സംവിധാനം നിലനിര്‍ത്തിയതുകൊണ്ടാണ് സാമ്പത്തിക വളര്‍ച്ച സാധ്യമായതെന്ന് ആര്‍ക്കും ബോദ്ധ്യപ്പെടും. സ്വകാര്യലാഭത്തേക്കാള്‍ സമൂഹത്തിന്റെ സമഗ്രവികസനം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന പൊതുമേഖലബാങ്കുകള്‍ ജനജീവിതം മെച്ചപ്പെടുത്താന്‍ പ്രധാനപങ്കു വഹിച്ചു. ഉല്പാദനം വര്‍ധിപ്പിക്കാനും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും ചെറുകിട സംരംഭങ്ങള്‍ പ്രോത്സാഹിപ്പിക്കാനും അനുയോജ്യമായ പദ്ധതികള്‍ പൊതുമേഖലാബാങ്കുകള്‍ ആത്മാര്‍ത്ഥമായി നടപ്പിലാക്കി. സാധാരണക്കാരുടെ ചെറിയ ചെറിയ സമ്പാദ്യങ്ങള്‍ സമാഹരിക്കാനും അവര്‍ക്ക് ആവശ്യമായ വായ്പകള്‍ യഥേഷ്ടം നല്‍കാനും സേവിംഗ്സ് ബാങ്കുകള്‍ പ്രവര്‍ത്തനം ആരംഭിച്ചു. പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനമാണ് ഇത്തരം ബാങ്കുകള്‍ രൂപീകൃതമായത്. 1778ല്‍ Hamberg ല്‍ ഏതാനും കച്ചവടക്കാരാണ് ആദ്യത്തെ Savings Bankന് തുടക്കം കുറിച്ചത്. പൊതുഉടമയില്‍ ആദ്യത്തെ സേവിംഗ്സ് ബാങ്ക് 1801 ല്‍ Geottungen ല്‍ ആരംഭിച്ചു. ജനങ്ങളുടെ സഹകരണം കൊണ്ട് പൊതുഉടമയില്‍ ഇത്തരം ബാങ്കുകള്‍ 1850ല്‍ 630 ആയിരുന്നത് 1903 ആകുമ്പോള്‍ 2834 ആയി ഉയര്‍ന്നു. ഇന്ന് ജര്‍മ്മനിയില്‍ പൊതുഉടമയില്‍ 15600 ബാങ്കുകള്‍ പ്രവര്‍ത്തിക്കുന്നു.

യൂറോപ്യന്‍ യൂനിയനും, അന്താരാഷ്ട്രധനകാര്യ സ്ഥാപനങ്ങള്‍ക്കും പൊതുമേഖലാബാങ്കിംഗ് അലര്‍ജിയാണ്. ബാങ്ക് സ്വകാര്യവല്‍ക്കരണത്തിന് അവര്‍ നിര്‍ബന്ധിക്കുകയാണ്. കഴിഞ്ഞ പതിറ്റാണ്ടില്‍ നാഴികമണി പിറകോട്ട് തിരിക്കാന്‍ ശ്രമം നടത്തി. 1999ന് ശേഷം ബാങ്കിംഗ് രംഗം ദിശമാറി ഒഴുകാന്‍ തുടങ്ങി. സ്വകാര്യബാങ്കുകള്‍ വര്‍ധിക്കുകയും തെറ്റായ വഴിയിലൂടെ സഞ്ചരിച്ച് നിഷ്ക്രിയ ആസ്തി പെരുകുകയും ചെയ്തു. എന്നാല്‍ പരമാവധി നിയന്ത്രണം ഏര്‍പെടുത്തിയതിന്റെ അടിസ്ഥാനത്തില്‍ ഇന്ന് ജര്‍മനിയില്‍ സ്വകാര്യബാങ്കുകളുടെ സ്വാധീനം 28.4 ശതമാനം. മത്സരം വളര്‍ത്താന്‍ സ്വകാര്യബാങ്കുകളെ പ്രോത്സാഹിപ്പിക്കാന്‍ അന്താരാഷ്ട്രനാണയനിധി (IMF) സജീവമായി രംഗത്തുണ്ട്. ഇത്തരം നടപടികള്‍ക്ക് പൂര്‍ണ്ണമായും കീഴടങ്ങാത്തതുകൊണ്ടാണ് ജര്‍മനിക്ക് പിടിച്ചു നില്‍കാന്‍ സാധിക്കുന്നത്.

അമേരിക്കയില്‍ വാള്‍സ്ട്രീറ്റ് യുദ്ധക്കളമായി മാറുകയാണ്. ശക്തമായ പൊതുമേഖലാ ബാങ്കിംഗ് സംവിധാനം നിലനിന്നിരുന്നുവെങ്കില്‍ ഇന്നത്തെ പ്രതിസന്ധി ഒഴിവാക്കാമായിരുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. ആഗോള സാമ്പത്തിക പ്രതിസന്ധിയില്‍ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥക്ക് പോറലുകള്‍ ഏല്‍ക്കാതിരുന്നത് ശക്തമായ പൊതുമേഖലാബാങ്കിംഗ് സംവിധാനം നിലനിന്നതു കൊണ്ടാണെന്ന് ആണയിടുന്ന യു.പി.ഏ. സര്‍ക്കാര്‍ കോര്‍പറേറ്റുകള്‍ക്ക് പുതിയ ബാങ്കിംഗ് ലൈസന്‍സുകള്‍ നല്‍കാനും ബാങ്കിംഗ് നിയമഭേദഗതിയിലൂടെ ബാങ്കിംഗ് മേഖല ദേശവിദേശ കുത്തകകള്‍ക്ക് തീറെഴുതാനും ഒരുങ്ങുകയാണ്. മുഴുവന്‍ ഇന്ത്യക്കാരും പ്രതിഷേധം ഉയര്‍ത്തേണ്ട ഒരു വിഷയമാണിത്. ആഗോള സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും നമ്മുടെ ഭരണാധികാരികള്‍ ഒരു പാഠവും പഠിച്ചില്ല എന്നാണ് അവരുടെ ചെയ്തികള്‍ നമ്മെ ബോധ്യപ്പെടുത്തുന്നത്. പൊതുമേഖലയെ സംരക്ഷിക്കാനും ശക്തിപ്പെടുത്താനും പോരാട്ടം ശക്തിപ്പെടുത്തുക.

എസ്.ബി.ടി.യെ രക്ഷിക്കുക


1916 -ല്‍ മഹാനായ ലെനിന്‍ 'സാമ്രാജ്യത്വം മുതലാളിത്തത്തിന്റെ പരമോന്നത ഘട്ടം' എന്ന കൃതിയില്‍ ഇങ്ങനെ പറയുകയുണ്ടായി.

........'ഇവിടെ വലിയ ബാങ്കുകള്‍ ചെറിയ ബാങ്കുകളെ ഞെക്കി പുറത്താക്കുകയാണ് '.......'ബാങ്കിംഗ് പ്രവര്‍ത്തനം വികസിച്ച് ചുരുക്കം ചില സ്ഥാപനങ്ങളില്‍ കേന്ദ്രീകരിക്കുന്നതോടെ ബാങ്കുകള്‍ എളിയ ഇടനിലക്കാരുടെ നിലവിട്ട് സുശക്തന്മാരായ കുത്തകകളായി വളരുന്നു '.........'എണ്ണത്തില്‍ വളരെപ്പേര്‍ വരുന്ന എളിയ ഇടനിലക്കാര്‍ ഒരുപിടി കുത്തകക്കാരായി ഇങ്ങനെമാറുന്നത്, മുതലാളിത്തം മുതലാളിത്ത സാമ്രാജ്യത്വമായി വളരുന്ന ഗതിക്രമത്തിലെ മൌലികമായ പ്രക്രിയകളിലൊന്നാണ്. അതുകൊണ്ട് ബാങ്കിംഗ് പ്രവര്‍ത്തനത്തിന്റെ കേന്ദ്രീകരണം നമുക്ക് ആദ്യമേതന്നെ പരിശോധിക്കേണ്ടിയിരിക്കുന്നു '......

ലെനിന്‍ ദീര്‍ഘദൃഷ്ടിയോടു കൂടി ചൂണ്ടികാട്ടിയപോലെ ആഗോള ബാങ്കിംഗ് രംഗത്ത് ഇന്ന് കേന്ദ്രീകരണം (consolidation) ശക്തിപ്പെട്ടിരിക്കുന്നു. ലോകത്താകമാനം ബാങ്കുകളില്‍ ഊറികിടക്കുന്ന ജനങ്ങളുടെ സമ്പാദ്യം തങ്ങളുടെ വരുതിയില്‍ കൊണ്ടുവരുക എന്ന ലക്ഷ്യത്തോടെ മൂലധന ശക്തികള്‍ കണ്ടെത്തിയിട്ടുളള മാര്‍ഗ്ഗങ്ങളാണ് ബാങ്ക് 'സ്വകാര്യ വല്‍ക്കരണവും ', 'ലയനങ്ങളും പിടിച്ചടക്കലുകളും'( Mergers and acquisitions).
നമ്മുടെ ബാങ്കിംഗ് മേഖല തുറന്നുകൊടുക്കണമെന്ന് സാമ്രാജ്യത്വ ശക്തികള്‍ നാണയനിധി, ലോകബാങ്ക്, ലോകവ്യാപാര സംഘടന എന്നീ സ്ഥാപനങ്ങള്‍വഴി നിരന്തരമായി ആവശ്യപ്പെട്ടു കൊണ്ടിരിക്കുകയാണ്. ഈ പശ്ചാത്തലത്തിലാണ് 2009 ഏപ്രില്‍ മുതല്‍ വിദേശ ബാങ്കുകള്‍ക്ക് യഥേഷ്ടം കടന്നുവരാനും നമ്മുടെ ബാങ്കുകളെ ഏറ്റെടുക്കാനും കഴിയത്തക്ക വിധത്തില്‍ റിസര്‍വ്വ് ബാങ്ക് ബാങ്കിംഗ് പരിഷ്ക്കാരങ്ങളുടെ ഒരു റോഡ് മാപ്പ് പ്രഖ്യാപിച്ചിട്ടുളളത്. ഈ പ്രക്രിയക്ക് മുന്നോടിയായി നമ്മുടെ പൊതുമേഖലാ ബാങ്കുകള്‍ പരസ്പരം ലയിച്ച് നാലഞ്ച് വലിയ ബാങ്കുകളായി മാറണമെന്ന് ധനമന്ത്രി ചിദംബരവും ബാങ്കധികാരികളും ആവര്‍ത്തിച്ച് ആവശ്യപ്പെട്ടു കൊണ്ടിരിക്കുകയാണ്.

2004 - ല്‍ പൊതുമേഖലാ ബാങ്കുകളെ ലയിപ്പിക്കാന്‍ ശ്രമം നടന്നതാണ്. ജീവനക്കാരുടേയും ഇടതുപക്ഷപാര്‍ട്ടികളുടേയും ചെറുത്തു നില്‍പ്പിന്റെ ഫലമായി അന്ന് ആ ശ്രമം ഉപേക്ഷിക്കുകയായിരുന്നു. ഇപ്പോള്‍ വീണ്ടും ലയനനീക്കങ്ങള്‍ സജീവമായിരിക്കുന്നു. സ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലേക്ക് എസ്.ബി.ടിയടക്കമുളള ഏഴു അസോസിയേറ്റ് ബാങ്കുകളെ ലയിപ്പിക്കാനാണ് നീക്കം നടക്കുന്നത്. ഇതിന്റെ തുടക്കമായി ഇവയിലെ ചെറിയതും ഗുജറാത്ത് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്നതുമായ സ്റേറ്റ് ബാങ്ക് ഓഫ് സൌരാഷ്ട്രയെ എസ്.ബി.ഐയില്‍ ലയിപ്പിക്കാന്‍ ഇരു ബാങ്കുകളുടേയും ബോര്‍ഡുകള്‍ തീരുമാനിക്കുകയും യു.പി.എ സര്‍ക്കാര്‍ അതിന് അംഗീകാരം നല്‍കിയിരിക്കുകയുമാണ്. ജീവനക്കാരുടെ എതിര്‍പ്പ് ഉണ്ടാകാതിരിക്കാന്‍ വേണ്ടി എസ്.ബി.ഐയിലെ എല്ലാ ആനുകൂല്യങ്ങളും അസോസിയേറ്റ് ബാങ്കുകളിലെ ജീവനക്കാര്‍ക്ക് നല്‍കാമെന്നാണ് ഓഫര്‍. ഈ ഓഫര്‍ തളളിക്കളഞ്ഞുകൊണ്ട് ജീവനക്കാരും ഓഫീസര്‍മാരും സെപ്‌റ്റംബറിലും ഡിസംബറിലുമായി രണ്ടു തവണ പണിമുടക്കുകള്‍ നടത്തുകയുണ്ടായി.

ഇതുവരെ ലയന പ്രക്രിയ അതാത് ബാങ്ക് ബോര്‍ഡുകളുടെ തീരുമാനമാണെന്നും തന്റെ സ്ഥാനം കേവലം പരികര്‍മ്മിയുടേത് മാത്രമാണെന്നും പറഞ്ഞിരുന്ന ധനമന്ത്രി ചിദംബരം ഈയിടെയായി ലയനത്തിനെതിരായ നീക്കങ്ങളെ ശക്തമായി നേരിടുമെന്ന് ഭീഷണി പുറപ്പെടുവിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഈ വിഷയം നമ്മുടെ സമൂഹത്തില്‍ ഗൌരവകരമായ ചര്‍ച്ചയ്ക്ക് വിഷയീഭവിക്കേണ്ടതുണ്ട്.

ബാങ്ക് ലയനങ്ങളെ എന്തുകൊണ്ടെതിര്‍ക്കുന്നു?

ലോകത്താകെയുളള സമ്പാദ്യം തങ്ങളുടെ വരുതിയില്‍ കൊണ്ടുവരാന്‍ മൂലധനശക്തികള്‍ കണ്ടെത്തിയിട്ടുളള മാര്‍ഗ്ഗങ്ങളാണ് ബാങ്ക് സ്വകാര്യ വല്‍ക്കരണവും ലയനങ്ങളും Bank for International Settlements നെ കൊണ്ട് ബാങ്കുകള്‍ മൂലധനം വര്‍ദ്ധിപ്പിക്കണമെന്ന് Basle II norms പ്രകാരം ആവശ്യപ്പെടുക എന്ന നടപടിയാണവര്‍ ആദ്യം ചെയ്തത്. തുടര്‍ന്ന് ഓരോ രാജ്യത്തിലും പഠനകമ്മിറ്റികളെ നിയോഗിപ്പിച്ചുകൊണ്ട് ആഗോളമായി ബാങ്കിംഗ് മേഖലയെ പൊളിച്ചെഴുതാന്‍ ആവശ്യപ്പെടുകയായിരുന്നു. അങ്ങനെയാണ് നമ്മുടെ രാജ്യത്ത് നരസിംഹം കമ്മിറ്റിയുടേയും ഗുപ്തകമ്മിറ്റിയുടേയും റിപ്പോര്‍ട്ടുകള്‍ അവതരിപ്പിക്കപ്പെട്ടത്.

സാധാരണ ഗതിയില്‍ 'ബാങ്ക് ലയനങ്ങള്‍' എന്നല്ല പ്രയോഗിക്കാറ്, 'ബാങ്ക് ലയനങ്ങളും പിടിച്ചടക്കലുകളും' (Bank mergers & Acquisitions) എന്നാണ് പറയാറ്. ഉഭയ സമ്മത പ്രകാരം നടക്കുന്നത് 'ലയനങ്ങള്‍' മറ്റൊരു ബാങ്കിന്റെ ഓഹരികള്‍ വാങ്ങികൂട്ടി അതിനെ നിര്‍ബന്ധിതമായി ലയിപ്പിക്കുന്നത് 'പിടിച്ചടക്കല്‍'. ഈ പ്രക്രിയ വഴി സാമ്രാജ്യത്വശക്തികള്‍ ലോകത്താകെ ബാങ്കുകളെ പിടിച്ചെടുക്കുകയും അവിടത്തെ നിക്ഷേപങ്ങള്‍ തങ്ങളുടെ ഇഷ്ടാനുസരണം വിനിയോഗിക്കുകയുമാണ്.

പൊതുമേഖലാ ബാങ്കുകളുടെ ലയനത്തോടെ ഈ പ്രക്രിയ അവസാനിക്കില്ല. അസോസിയേറ്റ് ബാങ്കുകളെ എസ്.ബി.ഐയില്‍ ലയിപ്പിക്കുന്നതിനു പിന്നാലെ എസ്.ബി.ഐയുടെ സ്വകാര്യ വല്‍ക്കരണം ഉണ്ടാകും. ഓഹരികള്‍ വിദേശികള്‍ക്കും നല്‍കും. ഒടുവില്‍ ഏതെങ്കിലും ഒരു വിദേശ ബാങ്ക് എസ്.ബി.ഐയെ വിഴുങ്ങും വരെ പരിഷ്ക്കാരങ്ങള്‍ തുടരും. പിന്നെ തെക്കുകിഴക്കനേഷ്യന്‍ രാജ്യങ്ങളിലും ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലും സംഭവിച്ചതുപോലെ ഈ ബാങ്കിലെ നിക്ഷേപം അവരുടെ ഇഷ്ടാനുസരണം ആഗോള ഓഹരി വിപണിയിലേക്കൊഴുകും. ആ രാജ്യങ്ങളില്‍ ബാങ്കുകള്‍ തകര്‍ന്നതും കടുത്ത സാമ്പത്തിക പ്രതിസന്ധിയുണ്ടായതും നമ്മളെല്ലാം തൊണ്ണൂറുകളില്‍ കണ്ടതാണ്. നമ്മെ കാത്തിരിക്കുന്നതും ഇതുതന്നെയാണ്.

ബാങ്ക് അധികാരികള്‍ മുന്നോട്ടുവക്കുന്ന വാദങ്ങളും യാഥാര്‍ത്ഥ്യവും

ലയനങ്ങള്‍ വഴി നമ്മുടെ ബാങ്കുകളുടെ മൂലധനവും, ആസ്തിയും, മത്സരശേഷിയും, കാര്യക്ഷമതയുമൊക്കെ വര്‍ദ്ധിക്കുമെന്നാണ് ലയനാനുകൂലികള്‍ പ്രചരിപ്പിക്കുന്നത്. ഈ വാദഗതിയില്‍ എത്രമാത്രം യാഥാര്‍ത്ഥ്യമുണ്ട് എന്ന് നമുക്ക് പരിശോധിക്കാം. ഇന്ത്യയിലെ 27 പൊതുമേഖലാ ബാങ്കുകളെയും ലയിപ്പിച്ച് ഒറ്റ ബാങ്ക് ആക്കി മാറ്റി എന്നു സങ്കല്‍പ്പിക്കുക. ഇതിന്റെ മൂലധനം കേവലം 12400 കോടി രൂപയേ വരൂ. അതായത് 3 ബില്യണ്‍ ഡോളര്‍മാത്രം. എന്നാല്‍ ഇവിടേക്കു കടന്നു വരുന്ന വിദേശഭീമന്‍ ബാങ്കുകളുടെ മൂലധനം എത്രയാണ് ? അമേരിക്കന്‍ ബാങ്ക് ആയ സിറ്റി ബാങ്കിന്റെ മൂലധനം 63 ബില്യണ്‍ ഡോളറാണ്. ബ്രിട്ടീഷ് ബാങ്ക് ആയ HSBC യുടെ മൂലധനം 69 ബില്യണ്‍ ഡോളറാണ്. മറ്റൊരു ബ്രിട്ടീഷ് ബാങ്ക് ആയ Standard Chartered Bank ന്റെ മൂലധനമാകട്ടെ 65 ബില്യണ്‍ ഡോളറാണ്.

ഇനി ഈ ബാങ്കുകളുടെ ആസ്തിയുടെ വലുപ്പം നമുക്കൊന്ന് പരിശോധിക്കാം. ബ്രിട്ടീഷ് ബാങ്ക് ആയ Barclays ന്റെ ആസ്തി 1592 ബില്യണ്‍ ഡോളറാണ്. സ്വിറ്റ്സര്‍ലണ്ട് ബാങ്ക് ആയ UBS ന്റെ ആസ്തി 1568 ബില്യണ്‍ ഡോളര്‍ വരും. ജപ്പാനിലെ Mitsubishi ബാങ്ക് തൊട്ടുപിറകിലായി 1509 ബില്യണ്‍ ഡോളര്‍ ആസ്തിയുമായി നില്‍ക്കുന്നു. മൂലധനകാര്യത്തില്‍ നമ്മള്‍ പരാമര്‍ശിച്ച ബ്രിട്ടീഷ് ബാങ്ക് ആയ HSBC യ്ക്ക് 1502 ബില്യണ്‍ ഡോളറും, J.P മോര്‍ഗന്‍ ചേസിന് 1500 ബില്യണ്‍ ഡോളറും, സിറ്റി ബാങ്കിന് 1494 ബില്യണ്‍ ഡോളറും ആസ്തി വരും. നമ്മുടെ 27 പൊതുമേഖലാ ബാങ്കുകളെയും കൂടി ലയിപ്പിച്ചുണ്ടാക്കുന്ന ബാങ്കിന് കേവലം 300 ബില്യണ്‍ ഡോളര്‍ ആസ്തിയേ ഉണ്ടാകൂ. സ്റേറ്റ് ബാങ്ക് ഗ്രൂപ്പിലെ എട്ടുബാങ്കുകളും കൂടി ലയിപ്പിച്ചാലും 175 ബില്യണ്‍ ഡോളര്‍ ആസ്തിയേ വരൂ. ഈ വിശകലനത്തില്‍ നിന്നും നമ്മുടെ ബാങ്കുകള്‍ വിദേശബാങ്കുകളുമായി മൂലധനത്തിന്റെയും ആസ്തിയുടേയും കാര്യത്തില്‍ മത്സരശേഷി കൈവരിക്കുമെന്ന വാദം പൊളളയാണെന്ന് തെളിയുന്നു. യഥാര്‍ത്ഥത്തില്‍ മൂലധനവും ബാങ്കുകളുടെ കാര്യക്ഷമതയും തമ്മില്‍ യാതൊരു ബന്ധവുമില്ല എന്നതാണ് യാഥാര്‍ത്ഥ്യം. മൂലധന പര്യാപ്തത ഏറെയുണ്ടായിരുന്ന ബെയറിംഗ്സ് ബാങ്ക്, BCCI തുടങ്ങിയ ബാങ്കുകളുടെ തകര്‍ച്ചകള്‍ ഇത് അടിവരയിട്ട് വ്യക്തമാക്കുന്നു.

ലയനം കാര്യക്ഷമത വര്‍ദ്ധിപ്പിക്കുമെന്നാണ് പിന്നെത്തെ വാദഗതി. ആഗോളതലത്തില്‍ നടന്നിട്ടുളള ബാങ്ക് ലയനങ്ങളെക്കുറിച്ച് പഠിച്ച് KPMG എന്ന ബഹുരാഷ്ട്ര മാനേജ്‌മെന്റ് കണ്‍സല്‍ട്ടന്‍സി സ്ഥാപനം നടത്തിയിട്ടുളള വിശകലനത്തില്‍ ഈ വാദഗതി അസ്ഥാനത്താണ് എന്നാണ് പറഞ്ഞിട്ടുളളത്. 75% ലയനങ്ങളിലും പിടിച്ചെടുക്കലുകളിലും ഓഹരിയുടമകള്‍ക്ക് മൂല്യവര്‍ദ്ധനയുണ്ടായിട്ടില്ലെന്നവര്‍ ചൂണ്ടിക്കാട്ടുന്നു. എക്കണോമിക് & പൊളിറ്റിക്കല്‍ വീക്കിലിയില്‍ പ്രൊഫ. ടി.ടി. രാം മോഹന്‍ എഴുതിയ ലേഖനത്തിലും സമാനമായ കണ്ടെത്തലുകളാണ് ഉളളത്. മറിച്ച് ലയനങ്ങള്‍ സേവനങ്ങളുടെ നിലവാരം ഇടിച്ചുവെന്നും, വന്‍തോതില്‍ ശാഖകള്‍ അടച്ചുപൂട്ടിയതിന്റെ ഫലമായി സാധാരണക്കാര്‍ക്ക് ബാങ്കിംഗ് സേവനം പ്രാപ്യമല്ലാതായി എന്നും, സര്‍വ്വീസ് ചാര്‍ജുകള്‍ വര്‍ദ്ധിച്ചുവെന്നും, ചെറുകിട വായ്പകള്‍ നിലച്ചു എന്നും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.ഏറ്റവും വലിയ ആഘാതമുണ്ടായത് ജീവനക്കാര്‍ക്കാണ് , ലക്ഷക്കണക്കിന് ജീവനക്കാര്‍ക്കാണ് തൊഴില്‍ നഷ്ടമായത്. 2001 ല്‍ ILO നടത്തിയ ഒരു പഠനത്തില്‍ ബാങ്ക് ലയനങ്ങളുടെ ഫലമായി ആഗോളാടിസ്ഥാനത്തില്‍ ലക്ഷക്കണക്കിന് തൊഴിലവസരങ്ങള്‍ നഷ്ടമായിട്ടുണ്ട് എന്നു പറയുന്നുണ്ട്.

മറ്റൊരു വാദഗതി ലയനം വഴി ബാങ്കുകളുടെ ചിലവ് കുറക്കാനാവും എന്നതാണ്. എങ്ങനെയാണിവര്‍ ചിലവ് കുറക്കുന്നത് എന്ന് നമുക്ക് പരിശോധിക്കാം. Administrative Office കളുടെ എണ്ണം കുറയ്ക്കുന്നു, ഒരേ പ്രദേശത്തുളള ഒന്നില്‍കൂടുതല്‍ ശാഖകള്‍ അടച്ചുപൂട്ടുന്നു, അതോടൊപ്പം ലാഭകരമല്ല എന്നുപറഞ്ഞ് ഗ്രാമീണശാഖകള്‍ അടക്കുന്നു, ബാങ്കുജോലികള്‍ പുറംകരാര്‍ നല്‍കുന്നു, ജീവനക്കാരെ കുറക്കുന്നു, സ്ഥിരജീവനക്കാര്‍ക്ക് പകരം താല്‍ക്കാലിക ജീവനക്കാരെ നിയമിക്കുന്നു. ചുരുക്കി പറഞ്ഞാല്‍ സാധാരണക്കാര്‍ക്ക് ലഭ്യമാകുന്ന സേവനങ്ങള്‍ വെട്ടിച്ചുരുക്കുകയും ജീവനക്കാരെ പറഞ്ഞയച്ചും കൂലി കുറച്ചുമാണിവര്‍ ചിലവ് കുറയ്ക്കാമെന്ന് പറയുന്നത്. യഥാര്‍ത്ഥത്തില്‍ പുറം കരാര്‍ പണി ബാങ്ക് സേവനങ്ങളുടെ നിലവാരമിടിക്കുകയും ബാങ്ക് ഇടപാടുകളുടെ രഹസ്യ സ്വഭാവം നഷ്ടമാക്കുകയുമാണ് ചെയ്യുന്നത്. ഇതെല്ലാം ഇന്ത്യന്‍ സാമൂഹ്യജീവിതത്തില്‍ ഉണ്ടാക്കുന്ന ആഘാതം വളരെ വലുതായിരിക്കും.
ഇന്നും ആയിരക്കണക്കിനു ഗ്രാമങ്ങളില്‍ ബാങ്കുസേവനം ലഭ്യമായിട്ടില്ലാത്ത ഇന്ത്യയില്‍ ബാങ്കുശാഖകള്‍ അടച്ചുപൂട്ടുക എന്നുപറഞ്ഞാല്‍ ഗ്രാമീണ ജനതയേയും കര്‍ഷകരേയും വട്ടിപ്പണക്കാര്‍ക്ക് കൊളളയടിക്കാന്‍ വിട്ടുകൊടുക്കലാണ്. അതുകൊണ്ടാണ് പ്രൊഫ. ടി.ടി.രാംമോഹന്‍ 'ഇന്ത്യയില്‍ ബാങ്കുകളുടെ ജൈവവളര്‍ച്ചയ്ക്കുളള (organic growth) സാധ്യതയെ അടിസ്ഥാനപ്പെടുത്തി മാത്രമേ ലയനങ്ങളുടെ ന്യായാന്യായത പരിശോധിക്കാന്‍ കഴിയൂ' എന്ന് അഭിപ്രായപ്പെട്ടിട്ടുളളത്.

എസ്.ബി.ടിയുടെ തിരോധാനമുയര്‍ത്തുന്ന പ്രശ്നങ്ങള്‍

കേരളീയര്‍ നെഞ്ചേറ്റിയ ബാങ്കാണ് എസ്.ബി.ടി. നൂറുകണക്കിനു സ്വകാര്യബാങ്കുകള്‍ തകര്‍ന്നടിഞ്ഞപ്പോഴും എസ്.ബി.ടി വിശ്വസ്തതയുടെ പര്യായം പോലെ സേവനങ്ങള്‍ വിപുലപ്പെടുത്തി നിലനിന്നു. തിരുവിതാംകൂര്‍ രാജകുടുംബം 1946 ജനുവരി 17 നാണ് ഈ ബാങ്ക് സ്ഥാപിച്ചത് . അതിന്റെ പേര് ' ദി ട്രാവന്‍കൂര്‍ ബാങ്ക് 'എന്നായിരുന്നു. 1955 ല്‍ കേന്ദ്രസര്‍ക്കാര്‍ ഇംപീരിയല്‍ ബാങ്കിനെ സര്‍ക്കാര്‍ ഉടമസ്ഥതയില്‍ കൊണ്ടുവരുകയും സ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എന്ന് പേരുനല്‍കുകയും ചെയ്തു. സ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സബ്‌സിഡയറി ആക്ട് നിലവില്‍ വന്നതോടുകൂടി 1960 ജനുവരി 1-ആം തീയതി മുതല്‍ ഈ ബാങ്ക് സ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ ആയി മാറി. കേരള സര്‍ക്കാരിന് കൂടി ഓഹരി ഉടമസ്ഥതയുളള, കേരളത്തില്‍ ആസ്ഥാനമുളള ഏക പൊതുമേഖലാ ബാങ്കാണിത്. ഇതോടൊപ്പം തന്നെ മറ്റ് ആറ് അസോസിയേറ്റ് ബാങ്കുകള്‍ കൂടി സര്‍ക്കാര്‍ രൂപം നല്‍കി.

അറുപതുകളുടെ തുടക്കത്തില്‍ കേരളത്തില്‍ മുപ്പതുകളിലെ ബാങ്കുതകര്‍ച്ചകളെ അനുസ്മരിപ്പിക്കത്തക്കവിധത്തില്‍ നിരവധി ബാങ്കുകള്‍ തകര്‍ന്നു. ലക്ഷക്കണക്കിന് ഇടപാടുകാരെ കണ്ണീരിലാഴ്ത്തികൊണ്ട് പാലാ സെന്‍ട്രല്‍ ബാങ്ക് തകര്‍ന്നത് 1960 ആഗസ്റ്റ് 8 നാണ്. മാസങ്ങള്‍ക്കുളളില്‍ കേരളത്തിലെ 3 പ്രധാന ബാങ്കുകളില്‍ മോറട്ടോറിയം പ്രഖ്യാപിക്കുകയുണ്ടായി. ദി ട്രാവന്‍കൂര്‍ ഫോര്‍വേര്‍ഡ് ബാങ്ക് ലിമിറ്റഡ്, ദി കോട്ടയം ഓറിയന്റ് ബാങ്ക് ലിമിറ്റഡ്, ദി ബാങ്ക് ഓഫ് ന്യൂ ഇന്ത്യാ ലിമിറ്റഡ് എന്നിവയായിരുന്നു ആ ബാങ്കുകള്‍. ആറുമാസത്തെ മോറട്ടോറിയത്തിന് ശേഷം ഈ 3 ബാങ്കുകളെയും എസ്.ബി.ടിയില്‍ ലയിപ്പിച്ചു. പാലാ സെന്‍ട്രല്‍ ബാങ്കിലെ നിക്ഷേപകര്‍ക്ക് നിക്ഷേപം നഷ്ടമായപ്പോള്‍ ഈ ബാങ്കുകളിലെ ഇടപാടുകാര്‍ക്ക് നിക്ഷേപം നഷ്ടമായില്ല.

തുടര്‍ന്നുളള കാലയളവില്‍ ആറുബാങ്കുകളെ കൂടി എസ്.ബി.ടിയില്‍ ലയിപ്പിക്കുകയുണ്ടായി. ദി വാസുദേവ വിലാസം ബാങ്ക് ലിമിറ്റഡ്, ദി കൊച്ചിന്‍ നായര്‍ ബാങ്ക് ലിമിറ്റഡ്, ദി ലാറ്റിന്‍ ക്രിസ്‌റ്റ്യന്‍ ബാങ്ക് ലിമിറ്റഡ്, ദി ചമ്പക്കുളം കാത്തലിക് ബാങ്ക് ലിമിറ്റഡ്, ബാങ്ക് ഓഫ് ആലുവ ലിമിറ്റഡ്, ദി കാല്‍ഡിയന്‍ സിറിയന്‍ ബാങ്ക് ലിമിറ്റഡ് എന്നിവയായിരുന്നു ആ ബാങ്കുകള്‍. ഈ ബാങ്കുകളിലെ ജീവനക്കാരെ ഉള്‍പ്പെടെയാണ് എസ്.ബി.ടി ഏറ്റെടുത്തത്. ലക്ഷക്കണക്കിന് ഇടപാടുകാരേയും ആയിരക്കണക്കിന് ജീവനക്കാരേയും കണ്ണീരിലാഴ്ത്താതെ എസ്.ബി.ടി ഒരു രക്ഷകനായി മാറി. ഇതോടെ എസ്.ബി.ടിയുടെ ശാഖകള്‍ കേരളത്തിലാകെ വ്യാപിച്ചു. കേരളീയര്‍ സമൃദ്ധിയിലും ഇല്ലായ്മകളിലും ഈ ബാങ്കില്‍ ഓടിയെത്തി. എസ്.ബി.ടി ആരേയും നിരാശരാക്കിയില്ല. കേരളത്തിലെ പ്രധാന വ്യാപാരികളുടേയും വ്യവസായികളുടേയും കര്‍ഷകരുടേയും കൈത്തൊഴിലുകാരുടേയും സ്വയംതൊഴില്‍ ചെയ്യാന്‍ തയ്യാറായി വന്ന ചെറുപ്പക്കാരുടേയും ജീവിതം കരുപ്പിടിപ്പിക്കുന്നതില്‍ എസ്.ബി.ടി ചെറുതല്ലാത്ത പങ്ക് വഹിച്ചിട്ടുണ്ട്.

കേരള സര്‍ക്കാരിന്റെ ബിസിനസ്സും എസ്.ബി.ടി ചെയ്തുകൊടുത്തു. എസ്.ബി.ടി ജീവനക്കാര്‍ മെച്ചപ്പെട്ട സേവനവും പ്രദാനം ചെയ്തു. ഈ ബന്ധത്തില്‍ നിന്നും കരുത്താര്‍ജ്ജിച്ച് എസ്.ബി.ടി വളര്‍ന്നു. മറ്റു സംസ്ഥാനങ്ങളിലേക്കും ഈ ബാങ്കിന്റെ ബിസിനസ്സ് വ്യാപിപ്പിച്ചു. തമിഴ്‌നാട്ടിലെ കന്യാകുമാരി, നാഗര്‍കോവില്‍ ജില്ലകളില്‍ ഇന്നും എസ്.ബി.ടി യാണ് പ്രധാനബാങ്ക്. ഇന്ന് എസ്.ബി.ടി ഇന്ത്യയില്‍ ആകെ 706 ശാഖകളും 32902 കോടി രൂപ നിക്ഷേപവും 27332 കോടി രൂപയുടെ വായ്പയുമുളള ഒരു വലിയ ബാങ്കായി വളര്‍ന്നിരിക്കുന്നു. മിക്ക സ്വകാര്യബാങ്കുകളെക്കാളും ബിസിനസ്സുളള ബാങ്കായി എസ്.ബി.ടി വളര്‍ച്ച പ്രാപിച്ചിരിക്കുന്നു. ബിസിനസ്സ്, മൂലധന പര്യാപ്തത, Business per Employee , Profit per Employee, Net NPA to credit, Return on Assets,തുടങ്ങിയ മാനദണ്ഡങ്ങള്‍ വച്ചുനോക്കിയാല്‍ ഇന്ത്യയില്‍ ഏതൊരുബാങ്കിനോടും കിടപിടിക്കാവുന്ന ബാങ്കായി എസ്.ബി.ടി മാറിയിരിക്കുന്നു.


എസ്.ബി.ടി .യുടെയും സ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടേയും കേരളത്തിലെ ബിസിനസ്സിന്റെ വിശദാംശങ്ങള്‍ പരിശോധിച്ചാല്‍ ഇവയുടെ നയ സമീപനം വ്യക്തമാകും. SBI യ്ക്ക് ഒരു ദേശീയ കാഴ്ച്ചപ്പാടാണ് ഉളളത്. എസ്.ബി.ടി യാകട്ടെ കേരളത്തിലെ ജനങ്ങളുടെ ആവശ്യകതയ്ക്കനുസരിച്ച് വായ്പാ പദ്ധതികള്‍ രൂപീകരിക്കുകയും വായ്പ നല്‍കുകയും ചെയ്യുന്നു. മാത്രവുമല്ല കേരള സര്‍ക്കാരും പൊതുമേഖലാ സ്ഥാപനങ്ങളും ബോണ്ടുകളും കടപത്രങ്ങളും പുറപ്പെടുവിച്ചപ്പോഴെല്ലാം അവയില്‍ ഏറ്റവുമധികം നിക്ഷേപം നടത്തിയിട്ടുളളത് എസ്.ബി.ടി യാണ്. 2007 ഡിസംബര്‍ 24 ന് ചേര്‍ന്ന SLBC ( State Level Bankers' Committee) യോഗത്തില്‍ കഴിഞ്ഞവര്‍ഷം കേരളത്തില്‍ വിതരണം ചെയ്തിട്ടുളള വിദ്യാഭ്യാസ വായ്പയുടെ സിംഹഭാഗവും എസ്.ബി.ടി യാണ് വിതരണം ചെയ്തിട്ടുളളത് എന്ന് വിലയിരുത്തിയിട്ടുണ്ട്.

മുകളില്‍ കൊടുത്തിട്ടുളളത് കേരളത്തിലെ മുന്‍ഗണനാ വായ്പയുടെ വിതരണത്തിന്റെ ചാര്‍ട്ടാണ്. ഏകദേശം ഇരട്ടിയോളം ശാഖകള്‍ ഉളള എസ്.ബി.ടി , വിവിധ വിഭാഗങ്ങള്‍ക്കായി എസ്.ബി.ഐ നല്‍കിയതിന്റെ മൂന്നിരട്ടി മുതല്‍ അഞ്ചിരട്ടി വരെ വായ്പ വിതരണം ചെയ്തിട്ടുളളതായി കാണാന്‍ കഴിയും. ഈ താരതമ്യത്തില്‍ നിന്നു തന്നെ എസ്.ബി.ടിയുടെ തിരോധാനം കേരളത്തിന് എത്രമാത്രം ആഘാതമാകുമെന്നത് വ്യക്തമാകുന്നു.

അസോസിയേറ്റ് ലയനങ്ങളെ ചെറുത്തു തോല്‍പ്പിക്കുക

ഇതേ പ്രത്യഘാതം തന്നെയാണ് ഓരോ അസോസിയേറ്റ് ബാങ്ക് അപ്രത്യക്ഷമാകുമ്പോഴും അതാത് പ്രദേശങ്ങളില്‍ സംഭവിക്കുക. പഞ്ചാബ്, കര്‍ണ്ണാടക, ആന്ധ്രാപ്രദേശ്, മദ്ധ്യപ്രദേശ്, രാജസ്ഥാന്‍, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിലുളള കര്‍ഷകര്‍, ചെറുകിട വ്യവസായികള്‍, വ്യാപാരികള്‍, കൈതൊഴിലുകാര്‍, സ്വയം തൊഴില്‍ വായ്പ എടുക്കുന്നവര്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങി ജീവിതത്തിന്റെ നാനാ തുറയിലുളളവര്‍ക്കും ഈ ലയനങ്ങള്‍ വലിയ ആഘാതമാണുണ്ടാക്കുക. എഴുപതിനായിരത്തോളം വരുന്ന അസോസിയേറ്റ് ബാങ്കുകളിലെ ജീവനക്കാര്‍ക്കും ഓഫീസര്‍മാര്‍ക്കും ലയനം ഭാവിയില്‍ ആപത്കരമായി തീരും എന്ന കാര്യത്തില്‍ സംശയം വേണ്ട. സ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ Business Process Re-engineering എന്ന പേരില്‍ മെക്കന്‍സി ശുപാര്‍ശ പ്രകാരം പരിഷ്കാരങ്ങള്‍ നടപ്പിലാക്കി വരുകയാണ്. ശാഖകളുടെ എണ്ണം കുറയ്ക്കല്‍, ജീവനക്കാരെ കുറയ്ക്കല്‍, ബാങ്ക് ജോലികള്‍ പുറം കരാര്‍ പണി നല്‍കല്‍, പോസ്റ്റ് ഓഫീസുകളെ net work ചെയ്തുകൊണ്ട് ശാഖകളിലെ ജോലികള്‍ ഏല്‍പ്പിക്കല്‍ തുടങ്ങിയ നടപടികള്‍ ഇതിന്റെ ഭാഗമായി കൊണ്ടുവരപ്പെടുകയാണ്. എസ്.ബി.ഐയിലെ ജീവനക്കാരെ വന്‍തോതില്‍ കുറയ്ക്കാനാണ് മെക്കന്‍സി ശുപാര്‍ശ. പിന്നെ അസോസിയേറ്റ് ബാങ്കുകളിലെ ജീവനക്കാരുടെ കാര്യം പറയേണ്ടതില്ലല്ലോ.


(രണ്ടായിരത്തി എട്ടിലെ ലേഖനം)

ലയനം 18 മാസത്തിനകം; എസ്ബിടി ഇല്ലാതാകും


സംസ്ഥാനത്തിന്റെ അഭിമാനമായ സ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍(എസ്ബിടി) ഇല്ലാതാകുന്നു. എസ്ബിഐയുടെ അവശേഷിക്കുന്ന അഞ്ച് അസോസിയേറ്റ് ബാങ്കുകളെയും 18 മാസത്തിനകം ലയിപ്പിക്കുമെന്ന് യശ്വന്ത് സിന്‍ഹയുടെ അധ്യക്ഷതയിലുള്ള പാര്‍ലമെന്ററി സ്റാന്‍ഡിങ് കമ്മിറ്റിയെ കേന്ദ്ര ധനമന്ത്രാലയം അറിയിച്ചതോടെയാണ് എസ്ബിടി വിസ്മൃതിയിലാകുമെന്ന് ഉറപ്പായത്. എസ്ബിടിക്കു പുറമെ സ്റ്റേറ്റ്ബാങ്ക് ഓഫ് ബിക്കാനീര്‍ ആന്‍ഡ് ജയ്പുര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് പട്യാല, സ്റ്റേറ്റ് ബാങ്ക് ഓഫ് മൈസൂര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരാബാദ് എന്നിവയെയുമാണ് ലയിപ്പിക്കുക. എസ്ബിഐക്ക് ഏഴ് അസോസിയേറ്റ് ബാങ്കാണ് ഉണ്ടായിരുന്നത്. സ്റ്റേറ്റ് ബാങ്ക് ഓഫ് സൌരാഷ്ട്രയെ 2008 ലും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്‍ഡോറിനെ കഴിഞ്ഞ വര്‍ഷവും ലയിപ്പിച്ചിരുന്നു. മത്സരശേഷി വര്‍ധിപ്പിക്കുമെന്ന് പറഞ്ഞാണ് അവശേഷിക്കുന്ന വയെയും ലയിപ്പിക്കുന്നത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ചെയര്‍മാന്‍ ഓംപ്രകാശ് ഭട്ട് എസ്ബിടി മാനേജിങ് ഡയറക്ടറായിരുന്ന കാലത്താണ് ലയന നീക്കം ശക്തമായത്.

ലയനത്തിനെതിരെ ഏറ്റവും പ്രതിഷേധമുയരുക കേരളത്തിലായിരിക്കുമെന്നു കണ്ടാണ് അദ്ദേഹത്തെ എസ്ബിടിയിലേക്ക് നിയോഗിച്ചതെന്ന് ആരോപണമുണ്ടായിരുന്നു. എസ്ബിടി ഇല്ലാതാകുന്നത് കേരളത്തിന്റെ താല്‍പ്പര്യങ്ങള്‍ക്ക് വന്‍തിരിച്ചടിയാകും. വിഴിഞ്ഞം തുറമുഖം, സ്മാര്‍ട്ട്സിറ്റി പോലുള്ള വന്‍കിട പദ്ധതികളില്‍ സംസ്ഥാന സര്‍ക്കാരിന് എസ്ബിടി തുണയാകേണ്ടതാണ്. എന്നാല്‍, നിയന്ത്രണം എസ്ബിഐയുടെ കൈയിലായാല്‍ കേരളത്തിന്റെ താല്‍പ്പര്യങ്ങള്‍ക്ക് മുന്‍തൂക്കം ലഭിക്കില്ല. ലാഭകരമല്ലാത്ത ശാഖകള്‍ തുടരുമെന്നും ഉറപ്പില്ല. ബാങ്കിങ് സേവനങ്ങള്‍ കിട്ടാതെ ഗ്രാമീണര്‍ വട്ടിപ്പലിശക്കാരുടെ കെണിയിലെത്തുന്ന സ്ഥിതിയുണ്ടാകും.

1946 ജനുവരി 17ന് പ്രവര്‍ത്തനം ആരംഭിച്ച സ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ 1960 ജനുവരി ഒന്നിനാണ് എസ്ബിഐയുടെ അസോസിയേറ്റായത്. അന്ന് 8.27 കോടി നിക്ഷേപവും 4.10 കോടി വായ്പയും മാത്രമാണുണ്ടായിരുന്നത്. ഇന്നാകട്ടെ, ജനുവരി ഒന്നിലെ കണക്കനുസരിച്ച് മൊത്തം ബിസിനസ് ഒരുലക്ഷം കോടി കവിഞ്ഞു. ശാഖകള്‍ 28 ല്‍നിന്ന് 750 ആയി. 29 പൊതുമേഖലാ ബാങ്കും 14 സ്വകാര്യ ബാങ്കും ഒമ്പത് നവസ്വകാര്യബാങ്കും പ്രവര്‍ത്തിക്കുന്ന സംസ്ഥാനത്ത് ഇടപാടിന്റെ 25 ശതമാനവും നിര്‍വഹിക്കുന്നത് എസ്ബിടിയാണ്.

ബാങ്കിന്റെ വളര്‍ച്ചക്കൊപ്പം സംസ്ഥാനത്തിന്റെ സാമ്പത്തിക അടിത്തറ ശക്തമായി. ജനക്ഷേമ പദ്ധതികള്‍ ലക്ഷക്കണക്കിന് കുടുംബങ്ങളെ ജീവിതം കരുപ്പിടിപ്പിക്കാന്‍ സഹായിച്ചു. സംസ്ഥാനത്തെ വിദ്യാഭ്യാസ വായ്പയില്‍ 40 ശതമാനവും എസ്ബിടിയാണ് നല്‍കിയത്. കാര്‍ഷിക വായ്പയില്‍ 30-35 ശതമാനവും നല്‍കുന്നത് എസ്ബിടി തന്നെ. ചെറുകിട-ഇടത്തരം കച്ചവടക്കാരുടെയും കൈത്തൊഴിലുകാരുടെയും വായ്പ ആവശ്യങ്ങളും നിറവേറ്റുന്നു. പെന്‍ഷന്‍കാര്‍, പരമ്പരാഗത മേഖലയിലെ തൊഴിലാളികള്‍ തുടങ്ങിയവര്‍ക്കും ബാങ്ക് സേവനം എത്തിക്കുന്നു. സംസ്ഥാന സര്‍ക്കാരിന്റെ ട്രഷറി ബിസിനസിനു പുറമെ സര്‍ക്കാരിന്റെയും പൊതുമേഖലാ സ്ഥാപനങ്ങളുടെയും കടപ്പത്രങ്ങളില്‍ വലിയ മുതല്‍മുടക്കും നടത്തുന്നു. ലയനം ജീവനക്കാര്‍ക്ക് ഗുണകരമാണെന്നാണ് എസ്ബിഐ പ്രചരിപ്പിക്കുന്നത്. എന്നാല്‍, ഇതിനകം ലയിച്ച സൌരാഷ്ട്ര, ഇന്‍ഡോര്‍ ബാങ്കുകളുടെ അനുഭവം മറിച്ചാണ്. പ്രൊമോഷന്‍ അടക്കമുള്ള കാര്യങ്ങളില്‍ അസോസിയേറ്റ് ബാങ്ക് ജീവനക്കാര്‍ക്ക് ലഭിച്ച ഉറപ്പ് പാലിക്കപ്പെട്ടില്ലെന്ന് സംഘടനകള്‍ പറയുന്നു.


*
ആര്‍ സാംബന്‍ ദേശാ‍ഭിമാനി 25 ഫെബ്രുവരി 2011

സംസ്ഥാനത്ത് എല്ലാ പഞ്ചായത്തിലും എസ്ബിടി ശാഖകള്‍ തുടങ്ങും



സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും എസ്ബിടി ശാഖകള്‍ ഉടന്‍ ആരംഭിക്കുമെന്ന് ബാങ്ക് മാനേജിങ് ഡയറക്ടര്‍ പി. നന്ദകുമാരന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. കോതമംഗലം താലൂക്കിലെ ഇരമല്ലൂര്‍ വില്ലേജിനെ എസ്ബിടി ഏറ്റെടുത്ത ചടങ്ങില്‍ പങ്കെടുക്കുവാന്‍ എത്തിയതായിരുന്നു അദ്ദേഹം. 
ഗ്രാമങ്ങളിലേക്ക് ബാങ്കിങ് സൗകര്യങ്ങള്‍ വ്യാപിപ്പിക്കുവാന്‍ എസ്ബിടി ലക്ഷ്യമിട്ടിരിക്കുകയാണ്. ഇതിന്റെ ഭാഗമായി കൂടുതല്‍ വിദ്യാഭ്യാസ വായ്പകളും സ്വര്‍ണ വായ്പകളും നല്‍കുവാനും പദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ട്. 
 സമ്പൂര്‍ണ ബാങ്കിങ് സേവനം എല്ലാവര്‍ക്കും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശാനുസരണം റിസര്‍വ് ബാങ്ക് നടപ്പാക്കുന്ന പദ്ധതിയാണ് സഹായഹസ്തം - സാമ്പത്തിക ഉള്‍പ്പെടുത്തല്‍ യജ്ഞം. ഇതിന്റെ ഭാഗമായി പൊതുമേഖലാ ബാങ്കുകള്‍ ഇല്ലാത്ത ഗ്രാമങ്ങള്‍ കണ്ടെത്തി എസ്ബിടി ദത്തെടുക്കല്‍ പദ്ധതിയും നടപ്പാക്കി വരികയാണ്. താലൂക്കിലെ നെല്ലിക്കുഴി പഞ്ചായത്തില്‍പ്പെട്ട ഇരമല്ലൂര്‍ വില്ലേജിനെ കുടുംബശ്രീയുമായി സഹകരിച്ച് ബാങ്ക് ദത്തെടുത്തിരിക്കുകയാണ്. ഈ പദ്ധതിയുടെ ഉദ്ഘാടനം കുറ്റിലഞ്ഞി ഗവ. യു.പി. സ്‌കൂളില്‍ ബാങ്ക് എം.ഡി. നിര്‍വഹിച്ചു. ബാങ്ക് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ചന്ദ്രശേഖരവര്‍മ അധ്യക്ഷതവഹിച്ചു. 
 ഓരോ വീട്ടിലും ഓരോ സീറോ ബാലന്‍സ് ബാങ്ക് അക്കൗണ്ട് തുടങ്ങുകയെന്ന ലക്ഷ്യമാണ് ആദ്യഘട്ടം നടപ്പാക്കുന്നത്. ഇരമല്ലൂരില്‍ സര്‍വെ നടത്തി ഇതര പൊതുമേഖലാ ബാങ്കില്‍ അക്കൗണ്ടില്ലാത്ത 325 പേര്‍ക്ക് അക്കൗണ്ടുകള്‍ തുടങ്ങുകയും 75 സ്മാര്‍ട്ട് കാര്‍ഡുകള്‍ വിതരണം ചെയ്യുകയും ചെയ്തു. സ്വകാര്യ പണമിടപാടുകാരില്‍ അമിതപലിശയുടെ ചൂഷണത്തില്‍ നിന്നും ഗ്രാമീണ ജനതയെ പൂര്‍ണമായി രക്ഷിക്കുകയെന്നതും പദ്ധതിയുടെ ഭാഗമാണെന്നും നന്ദകുമാരന്‍ പറഞ്ഞു. 
 പത്രസമ്മേളനത്തില്‍ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ചന്ദ്രശേഖരവര്‍മ, അസിസ്റ്റന്‍റ് ജനറല്‍ മാനേജര്‍ അച്യുതാനന്ദപാണ്ഡെ, കോതമംഗലം ബ്രാഞ്ച് ചീഫ് മാനേജര്‍ എന്‍. മോഹനന്‍ എന്നിവര്‍ പങ്കെടുത്തു.

സജീവ് കൃഷ്ണന്‍ എസ്ബിടി ചീഫ് ജനറല്‍ മാനേജര്‍


സജീവ് കൃഷ്ണന്‍ എസ്ബിടി ചീഫ് ജനറല്‍ മാനേജര്‍

സ്‌റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ ചീഫ് ജനറല്‍ മാനേജരായി കണ്ണൂര്‍ ചാലാട് മണല്‍ സ്വദേശി സജീവ് കൃഷ്ണന്‍ നിയമിതനായി. ഇപ്പോള്‍ തിരുവനന്തപുരം എസ്ബിടിയില്‍ ജനറല്‍ മാനേജര്‍ (ഓപ്പറേഷന്‍സ്) ആണ്. മണലിലെ പരേതനായ ചോടപറന്പില്‍ കൃഷ്ണന്‍റെ മകനാണ്.

ആയിരത്തിന്റെ നിറവിൽ എസ്ബിടി


സ്‌റ്റേറ്റ് ബാങ്ക് ഒാഫ് ട്രാവന്‍കൂറിന്‍റെ ആയിരാമതു ശാഖ സ്‌റ്റേറ്റ് ബാങ്ക് ഗ്രൂപ്പ് ചെയര്‍മാന്‍ പ്രതീപ് ചൗധരി ഉദ്ഘാടനം ചെയ്തു. പാലക്കാട് ‘ഗോള്‍ഡ് പോയിന്‍റ് ശാഖയുടെ പ്രതീകാത്മക ഇലക്‌ട്രോണിക് ഉദ്ഘാടനം എസ്ബിടി ഹെഡ് ഒാഫിസില്‍ അദ്ദേഹം നിര്‍വഹിച്ചു. ബാങ്കിന്‍റെ തൃശൂര്‍ മേഖലാ ഒാഫിസിനു കീഴില്‍ വരുന്ന ഇൗ ശാഖ സ്വര്‍ണപ്പണയ വായ്പകള്‍ മാത്രം കൈകാര്യം ചെയ്‌യുന്ന പ്രത്യേക എസ്ബിടി ഗോള്‍ഡ് പോയിന്‍റ് ശാഖകളില്‍ പതിനഞ്ചാമത്തേതാണ്. സ്‌റ്റേറ്റ് ബാങ്ക് ഗ്രൂപ്പ് ഡപ്യൂട്ടി മാനേജിങ് ഡയറക്ടര്‍_ ഗ്രൂപ്പ് എക്സിക്യൂട്ടീവ് (എ ആന്‍ഡ് എസ്) ശ്യാമള്‍ ആചാര്യ, എസ്ബിടി മാനേജിങ് ഡയറക്ടര്‍ പി. നന്ദകുമാരന്‍ എന്നിവര്‍ പങ്കെടുത്തു. 


സ്‌റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ ഓഹരിഉടമകളുടെ യോഗം ചേര്‍ന്നു വാര്‍ഷിക റിപ്പോര്‍ട്ടും വാര്‍ഷിക ധനകാര്യ സ്‌റ്റേറ്റ്‌മെന്‍റും അംഗീകരിച്ചു.ചെയര്‍മാന്‍ പ്രതീപ് ചൗധരി അധ്യക്ഷത വഹിച്ചു. എംഡി: പി. നന്ദകുമാരന്‍, ഡപ്യൂട്ടി എംഡി: ശ്യാമള്‍ ആചാര്യ തുടങ്ങിയവര്‍ പങ്കെടുത്തു.

Friday, May 18, 2012

പ്രവാസികള്‍ക്ക് എസ്.ബി.ടി.യുടെ എന്‍.ആര്‍.ഐ. പ്ലാറ്റിനം അക്കൗണ്ട്‌


പ്രവാസികള്‍ക്കായി സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ എസ്.ബി.ടി. എന്‍.ആര്‍.ഐ. പ്ലാറ്റിനം അക്കൗണ്ട് എന്ന പേരില്‍ സൗകര്യം ഒരുക്കുന്നു. ഗോള്‍ഡ് വിസ ഇന്റര്‍നാഷണല്‍ ഡെബ്റ്റ് കാര്‍ഡ്, വൈയക്തിക മള്‍ട്ടിസിറ്റി ചെക്ക് എന്നീ മൂല്യവര്‍ധിത സേവനങ്ങള്‍ ഇതിന്റെ സവിശേഷതകളാണ്. ഈ അക്കൗണ്ടില്‍ കളക്ഷന്‍, തുകകൈമാറ്റം, തുകയടയ്ക്കല്‍ എന്നീ സേവനങ്ങള്‍ സൗജന്യമായിരിക്കും. 50,000 രപവരെയോ 1000 അമേരിക്കന്‍ ഡോളര്‍ വരെയോ എ.ടി.എമ്മില്‍ നിന്ന് പിന്‍വലിക്കാനും വ്യാപാരകേന്ദ്രങ്ങളില്‍ ഒരു ദിവസം 2 ലക്ഷം രൂപ വരെ പര്‍ച്ചേസ് നടത്താനും ഇതൊന്നിച്ചുള്ള ഗോള്‍ഡ് വിസ ഇന്റര്‍നാഷണല്‍ ഡെബ്റ്റ് കാര്‍ഡ് ഉപയോഗിക്കാം. 

Saturday, May 5, 2012

എസ്.ബി.ടി.യില്‍ ഗ്രീന്‍ലൈന്‍ സേവനം

സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറില്‍ (എസ്.ബി.ടി.) അതിവേഗസേവനത്തിനായി പാലക്കാട്ശാഖയില്‍ ഗ്രീന്‍ചാനല്‍കൗണ്ടര്‍ തുടങ്ങി. എ.ടി.എം. കാര്‍ഡുള്ള ഉപഭോക്താക്കള്‍ക്ക് 40,000 രൂപ വരെ ഈ കൗണ്ടറില്‍ ചലാന്‍, വൗച്ചര്‍ എന്നിവയില്ലാതെ ഇടപാട്‌നടത്താം. എസ്.ബി.ടി. തൃശ്ശൂര്‍ സോണല്‍മാനേജര്‍ എസ്.വെങ്കടേശ്വരലു ഉദ്ഘാടനംചെയ്തു. എസ്.ബി.ടി. റീജണല്‍മാനേജര്‍ വി.ശശിധരന്‍പിള്ള, പാലക്കാട് ചീഫ് മാനേജര്‍ വി.ജയന്‍, മല്ലിക എന്നിവര്‍ സംസാരിച്ചു.