സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും എസ്ബിടി ശാഖകള്‍ ഉടന്‍ ആരംഭിക്കുമെന്ന് ബാങ്ക് മാനേജിങ് ഡയറക്ടര്‍ പി. നന്ദകുമാരന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. കോതമംഗലം താലൂക്കിലെ ഇരമല്ലൂര്‍ വില്ലേജിനെ എസ്ബിടി ഏറ്റെടുത്ത ചടങ്ങില്‍ പങ്കെടുക്കുവാന്‍ എത്തിയതായിരുന്നു അദ്ദേഹം.
ഗ്രാമങ്ങളിലേക്ക് ബാങ്കിങ് സൗകര്യങ്ങള്‍ വ്യാപിപ്പിക്കുവാന്‍ എസ്ബിടി ലക്ഷ്യമിട്ടിരിക്കുകയാണ്. ഇതിന്റെ ഭാഗമായി കൂടുതല്‍ വിദ്യാഭ്യാസ വായ്പകളും സ്വര്‍ണ വായ്പകളും നല്‍കുവാനും പദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ട്.
സമ്പൂര്‍ണ ബാങ്കിങ് സേവനം എല്ലാവര്‍ക്കും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശാനുസരണം റിസര്‍വ് ബാങ്ക് നടപ്പാക്കുന്ന പദ്ധതിയാണ് സഹായഹസ്തം - സാമ്പത്തിക ഉള്‍പ്പെടുത്തല്‍ യജ്ഞം. ഇതിന്റെ ഭാഗമായി പൊതുമേഖലാ ബാങ്കുകള്‍ ഇല്ലാത്ത ഗ്രാമങ്ങള്‍ കണ്ടെത്തി എസ്ബിടി ദത്തെടുക്കല്‍ പദ്ധതിയും നടപ്പാക്കി വരികയാണ്. താലൂക്കിലെ നെല്ലിക്കുഴി പഞ്ചായത്തില്‍പ്പെട്ട ഇരമല്ലൂര്‍ വില്ലേജിനെ കുടുംബശ്രീയുമായി സഹകരിച്ച് ബാങ്ക് ദത്തെടുത്തിരിക്കുകയാണ്. ഈ പദ്ധതിയുടെ ഉദ്ഘാടനം കുറ്റിലഞ്ഞി ഗവ. യു.പി. സ്‌കൂളില്‍ ബാങ്ക് എം.ഡി. നിര്‍വഹിച്ചു. ബാങ്ക് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ചന്ദ്രശേഖരവര്‍മ അധ്യക്ഷതവഹിച്ചു.
ഓരോ വീട്ടിലും ഓരോ സീറോ ബാലന്‍സ് ബാങ്ക് അക്കൗണ്ട് തുടങ്ങുകയെന്ന ലക്ഷ്യമാണ് ആദ്യഘട്ടം നടപ്പാക്കുന്നത്. ഇരമല്ലൂരില്‍ സര്‍വെ നടത്തി ഇതര പൊതുമേഖലാ ബാങ്കില്‍ അക്കൗണ്ടില്ലാത്ത 325 പേര്‍ക്ക് അക്കൗണ്ടുകള്‍ തുടങ്ങുകയും 75 സ്മാര്‍ട്ട് കാര്‍ഡുകള്‍ വിതരണം ചെയ്യുകയും ചെയ്തു. സ്വകാര്യ പണമിടപാടുകാരില്‍ അമിതപലിശയുടെ ചൂഷണത്തില്‍ നിന്നും ഗ്രാമീണ ജനതയെ പൂര്‍ണമായി രക്ഷിക്കുകയെന്നതും പദ്ധതിയുടെ ഭാഗമാണെന്നും നന്ദകുമാരന്‍ പറഞ്ഞു.
പത്രസമ്മേളനത്തില്‍ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ചന്ദ്രശേഖരവര്‍മ, അസിസ്റ്റന്‍റ് ജനറല്‍ മാനേജര്‍ അച്യുതാനന്ദപാണ്ഡെ, കോതമംഗലം ബ്രാഞ്ച് ചീഫ് മാനേജര്‍ എന്‍. മോഹനന്‍ എന്നിവര്‍ പങ്കെടുത്തു.
No comments:
Post a Comment